വി.ഡി. സതീശന് പിന്തുണയുമായി ഇരിട്ടിയിൽ അണികളുടെ പടയൊരുക്കം; സണ്ണി ജോസഫിന്റെ മണ്ഡലത്തിൽ പോസ്റ്റർ പ്രതിഷേധം
ഇരിട്ടിയിൽ വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് - മുസ്ലിം ലീഗ് പ്രവർത്തകർ സംയുക്തമായി നടത്തിയ തെരുവ് പ്രകടനം രാഷ്ട്രീയ ശ്രദ്ധ നേടുന്നു. ‘പട നയിച്ചവൻ കേരളം ഭരിക്കട്ടെ’ എന്നെഴുതിയ ഉമ്മൻചാണ്ടിയുടെയും വി.ഡി. സതീശന്റെയും ചിത്രങ്ങളുള്ള പോസ്റ്ററുകളുമായിട്ടായിരുന്നു സണ്ണി ജോസഫ് എം.എൽ.എയുടെ മണ്ഡലത്തിൽ അണികൾ അണിനിരന്നത്. സണ്ണി ജോസഫിന് സിന്ദാബാദ് വിളിച്ച പ്രവർത്തകർ, സതീശന്റെ കാര്യത്തിൽ എം.എൽ.എയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കി. വി.ഡി. സതീശനെ തഴയാനുള്ള നീക്കമുണ്ടായാൽ ശക്തമായി തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പും പ്രതിഷേധക്കാർ നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, തറാൽ ഈസ, കെ. ശ്രീകാന്ത് തുടങ്ങിയ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് പിന്നാലെ നഗരത്തിൽ നേരിയ സംഘർഷാവസ്ഥയും ഉടലെടുത്തു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട തോമസ് വർഗീസ് നേതൃത്വത്തിനെതിരെ മാധ്യമങ്ങളോട് പ്രതികരിക്കാൻ ശ്രമിച്ചതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഉടൻ തന്നെ നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കിയതോടെയാണ് വലിയ അനിഷ്ടസംഭവങ്ങൾ ഒഴിവായത്.
What's Your Reaction?