സ്വര്‍ണക്കടയിലെ ലിഫ്റ്റ് പെട്ടെന്ന് ഉയർന്നുപൊങ്ങി ഇടിച്ചുനിന്നു; കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമയ്ക്ക് ദാരുണാന്ത്യം

കട്ടപ്പനയിലെ കടയുടെ ലിഫ്റ്റില്‍ സണ്ണി കുടുങ്ങുകയായിരുന്നു

May 28, 2025 - 21:48
May 28, 2025 - 21:48
 0  16
സ്വര്‍ണക്കടയിലെ ലിഫ്റ്റ് പെട്ടെന്ന് ഉയർന്നുപൊങ്ങി ഇടിച്ചുനിന്നു; കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമയ്ക്ക് ദാരുണാന്ത്യം

കട്ടപ്പന: കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റിലുണ്ടായ അപകടത്തിൽ മരിച്ചു. സ്വർണവ്യാപാരിയും പവിത്ര ഗോൾഡ് മാനേജിങ് പാർട്ണറുമായ അമ്പലക്കവല സണ്ണി ഫ്രാൻസിസ് (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11മണിക്കായിരുന്നു അപകടം. കട്ടപ്പനയിലെ കടയുടെ ലിഫ്റ്റില്‍ സണ്ണി കുടുങ്ങുകയായിരുന്നു. കറണ്ട് പോയതിനെ തുടര്‍ന്ന് ലിഫ്റ്റിന്‍റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് സണ്ണി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്.  

കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെത്തിയ ലിഫ്റ്റ് പെട്ടെന്ന് ഉയർന്നുപൊങ്ങി ഇടിച്ചുനില്‍ക്കുകയായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. അപകടം അറിഞ്ഞെത്തിയ ജീവനക്കാർക്ക് ലിഫ്റ്റ് തുറന്നെങ്കിലും സണ്ണിയെ പുറത്തെടുക്കാനായില്ല. പിന്നീട്, അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് ലിഫ്റ്റ് പൊളിച്ച് സണ്ണിയെ പുറത്തെടുത്തത്. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം വെള്ളിയാഴ്ച കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വെച്ച് നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow