മോദി മന്ത്രിസഭയിൽ വൻ അഴിച്ചുപണി; ജോർജ് കുര്യൻ പുറത്തേക്ക്? കേരളത്തിൽ പുതിയ മന്ത്രിമാർ?

Jun 4, 2026 - 20:28
Jun 4, 2026 - 20:29
 0
മോദി മന്ത്രിസഭയിൽ വൻ അഴിച്ചുപണി; ജോർജ് കുര്യൻ പുറത്തേക്ക്? കേരളത്തിൽ പുതിയ മന്ത്രിമാർ?

ദില്ലി: മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സീറ്റ് വീണ്ടും ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യന് മന്ത്രിസ്ഥാനം നഷ്ടമാകാൻ സാധ്യതയേറി. വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ അദ്ദേഹത്തെ ഒഴിവാക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. രാജ്യസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും 14 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കുര്യനെ മധ്യപ്രദേശിൽ നിന്ന് വീണ്ടും സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ബിജെപി അന്തിമ തീരുമാനമെടുത്തിട്ടുണ്ട്. ഇതോടെ അദ്ദേഹം പദവി ഒഴിഞ്ഞേക്കും. പകരം അദ്ദേഹത്തിന് ബിജെപിയിൽ വലിയ സംഘടനാ പദവി നൽകിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

ഉത്തർപ്രദേശ് അടക്കം 7 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് നരേന്ദ്ര മോദി സർക്കാരിലും ബിജെപി സംഘടനയിലും ഈ വൻ അഴിച്ചുപണിക്ക് കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും രണ്ട് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും ഉൾപ്പെടെ അഞ്ച് പേർ പുറത്താകുമെന്നുമാണ് റിപ്പോർട്ടുകൾ. പരീക്ഷ നടത്തിപ്പിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടരുമോ എന്ന ചർച്ചയും സജീവമാണ്.

കേരളത്തിൽ നിന്ന് ആരെല്ലാം? സദാനന്ദൻ മാസ്റ്ററും അനിൽ ആന്റണിയും പരിഗണനയിൽ

കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരിൽ തൃശൂരിൽ നിന്നുള്ള ലോക്സഭാംഗമായ സുരേഷ് ഗോപി മന്ത്രിസഭയിൽ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം പാർട്ടിയുടെ 'ക്രിസ്ത്യൻ ഔട്ട് റീച്ച്' തന്ത്രങ്ങൾ പാളിയെന്ന വിമർശനം ബിജെപിക്കുള്ളിൽ തന്നെയുണ്ട്. ജോർജ് കുര്യൻ പുറത്താകുന്നതോടെ കേരളത്തിൽ നിന്ന് പുതിയ മുഖങ്ങൾ മന്ത്രിസഭയിലേക്ക് എത്തിയേക്കും.

  • സദാനന്ദൻ മാസ്റ്റർ: രാജ്യസഭാംഗമായ സദാനന്ദൻ മാസ്റ്റർ കേന്ദ്രമന്ത്രിയാകുമെന്ന സൂചനകൾ വളരെ ശക്തമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപ് പലതവണ പരസ്യമായി പുകഴ്ത്തിയിരുന്നു.

  • അനിൽ ആന്റണി: കഴിഞ്ഞ തവണ മന്ത്രിസഭാ രൂപീകരണ സമയത്ത് തന്നെ പരിഗണിച്ചിരുന്ന അനിൽ ആന്റണി ഇത്തവണയും കേന്ദ്ര നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്.

  • കെ. സുരേന്ദ്രൻ: മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം ദില്ലിയിലെത്തി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരേന്ദ്രന് ദേശീയ തലത്തിൽ വലിയൊരു ചുമതല നൽകുമെന്നാണ് വിവരം.

പ്രകാശ് ജാവ്ദേക്കർ മാറിയേക്കും; ദേശീയതലത്തിലും അഴിച്ചുപണി

മന്ത്രിസഭയിൽ നിന്നും പുറത്താകുന്ന ഒരു മുതിർന്ന നേതാവിന് കർണാടകത്തിൽ പാർട്ടിയുടെ ചുമതല നൽകിയേക്കും. കൂടാതെ, കേരളത്തിന്റെ ബിജെപി പ്രഭാരി സ്ഥാനത്തുനിന്ന് പ്രകാശ് ജാവ്ദേക്കർ മാറിയേക്കുമെന്നും സൂചനയുണ്ട്.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപി, ഗുജറാത്ത്, മണിപ്പൂർ, ഗോവ അടക്കമുള്ള 7 സംസ്ഥാനങ്ങളിലെ സാമൂഹ്യ സമവാക്യങ്ങൾ കൂടി പരിഗണിച്ചാവും മന്ത്രിമാരുടെ വകുപ്പ് മാറ്റം. നിലവിൽ ദില്ലിയിലും യുപിയിലും കേന്ദ്രമന്ത്രിമാരായിരിക്കുന്നവരാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻമാർ. ഇരുവരും മന്ത്രിസ്ഥാനം ഒഴിഞ്ഞ് പൂർണ്ണമായി സംഘടനാ ചുമതലയിലേക്ക് മാറിയേക്കും. നിർമല സീതാരാമൻ അടക്കമുള്ള മുതിർന്ന മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള അഭ്യൂഹങ്ങൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow