വിദേശത്ത് ജോലി വാഗ്ദാനം, തട്ടിയത് ലക്ഷങ്ങള്‍, അറസ്റ്റിലായ അര്‍ച്ചന തങ്കച്ചന്‍ സമാനകേസില്‍ മുന്‍പും പ്രതി

കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 2023ല്‍ രണ്ട് തവണയായി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്

May 17, 2025 - 09:55
May 17, 2025 - 11:58
 0  18
വിദേശത്ത് ജോലി വാഗ്ദാനം, തട്ടിയത് ലക്ഷങ്ങള്‍, അറസ്റ്റിലായ അര്‍ച്ചന തങ്കച്ചന്‍ സമാനകേസില്‍ മുന്‍പും പ്രതി

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി പോലീസ് അറസ്റ്റില്‍. പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ച(28)നെയാണ് കോഴിക്കോട് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 2023ല്‍ രണ്ട് തവണയായി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. അര്‍ച്ചന വയനാട് വെളളമുണ്ടയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, എസ്‌ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയും മാനേജരും എന്ന് പറഞ്ഞ് പലരുമായും ബന്ധപ്പെട്ട യുവതി ഇവരില്‍ നിന്നെല്ലാം പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സമാനകുറ്റകൃത്യത്തില്‍ അര്‍ച്ചനയുടെ പേരില്‍ എറണാകുളം പോലീസ് സ്‌റ്റേഷനില്‍ രണ്ട് കേസുകളും വെള്ളമുണ്ടയില്‍ ഒരു കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന വയനാട്ടുകാരിയുടെ പരാതിയിലാണ് അർച്ചന നേരത്തെ അറസ്റ്റിലായത്. ഇടപ്പള്ളിയിലെ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത്, ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു ഈ തട്ടിപ്പ് നടന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow