സഞ്ജു ഇന്ന് ചെന്നൈയ്ക്കായി ഇറങ്ങുന്നു; അരങ്ങേറ്റം പഴയ തട്ടകമായ രാജസ്ഥാൻ റോയൽസിനെതിരെ
ഗുവാഹത്തിയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്
ഗുവാഹത്തി: ഐപിഎൽ ആവേശത്തിന് ഇന്ന് പുതിയൊരു അധ്യായം. ചെന്നൈ സൂപ്പർ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സഞ്ജുവിനെ സൂപ്പർ താരമാക്കി വളർത്തിയ പഴയ തട്ടകമായ രാജസ്ഥാൻ റോയൽസാണ് ഇന്നത്തെ മത്സരത്തിൽ ചെന്നൈയുടെ എതിരാളികൾ എന്നത് പോരാട്ടത്തിന്റെ വീര്യം കൂട്ടുന്നു.
തലമുറമാറ്റത്തിന്റെ ആവേശവുമായി സഞ്ജു ചെന്നൈ ക്യാമ്പിലെത്തുമ്പോൾ, മറുവശത്ത് ചെന്നൈയുടെ വിശ്വസ്തനായിരുന്ന രവീന്ദ്ര ജഡേജ ഇനി രാജസ്ഥാന്റെ നീലക്കുപ്പായത്തിൽ കളത്തിലിറങ്ങും. ഗുവാഹത്തിയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.
എം.എസ്. ധോണി, ഡെവാൾഡ് ബ്രേവിസ്, സ്പെൻസർ ജോൺസൺ എന്നിവരില്ലാതെയാണ് ചെന്നൈ ആദ്യ മത്സരത്തിനിറങ്ങുന്നത്. ധോണിയുടെ അഭാവത്തിൽ സഞ്ജു തന്നെയാകും വിക്കറ്റിന് പിന്നിൽ നിലയുറപ്പിക്കുക. സഞ്ജു സാംസൺ, ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, ആയുഷ് മാത്രേ എന്നിവരിലാണ് ചെന്നൈയുടെ റൺസ് പ്രതീക്ഷ. ബ്രേവിസിന് പകരം സർഫറാസ് ഖാൻ കളിച്ചേക്കും.
ജെയ്മി ഓവർട്ടൻ, ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ് എന്നിവരടങ്ങിയ പേസ് നിരയും നൂർ അഹമ്മദ്, രാഹുൽ ചഹർ സ്പിൻ സഖ്യവും ചെന്നൈയുടെ വിജയത്തിൽ നിർണ്ണായകമാകും. യുവതാരം റിയാൻ പരാഗിന്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്.
യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, ഷിംറോൺ ഹെറ്റ്‌മെയർ എന്നീ വെടിക്കെട്ട് ബാറ്റർമാർ രാജസ്ഥാൻ നിരയ്ക്ക് കരുത്തേകുന്നു. ചെന്നൈയുടെ തന്ത്രങ്ങൾ കൃത്യമായി അറിയാവുന്ന രവീന്ദ്ര ജഡേജയുടെ സാന്നിധ്യം രാജസ്ഥാന് വലിയ മുൻതൂക്കം നൽകുന്നുണ്ട്. ഇന്ന് രാത്രി 7.30 യ്ക്ക് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
What's Your Reaction?