ലണ്ടനിലെ ഇറാനിയൻ എംബസിയിൽ പ്രതിഷേധം; ഔദ്യോഗിക പതാക മാറ്റി പഴയ പതാക ഉയർത്തി, രണ്ടുപേർ പിടിയിൽ
ഇറാനിൽ നിലനിൽക്കുന്ന ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം
ലണ്ടൻ: ലണ്ടനിലെ ഇറാനിയൻ എംബസി കെട്ടിടത്തിന് മുകളിൽ അതിക്രമിച്ചു കയറി രാജ്യത്തിന്റെ ഔദ്യോഗിക പതാക മാറ്റിയ സംഭവത്തിൽ രണ്ടുപേരെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തു. ഇറാനിൽ നിലനിൽക്കുന്ന ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.
കെൻസിങ്ടണിലെ എംബസി കെട്ടിടത്തിന്റെ ബാൽക്കണിയിലേക്ക് വലിഞ്ഞുകയറിയ പ്രതിഷേധക്കാരൻ, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിലവിലെ പതാക നീക്കം ചെയ്യുകയായിരുന്നു. പകരം 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് നിലനിന്നിരുന്ന "സിംഹവും സൂര്യനും" (Lion and Sun) അടയാളപ്പെടുത്തിയ പതാക അവിടെ ഉയർത്തി.
സംഭവസ്ഥലത്തെത്തിയ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മൂന്നാമതൊരു വ്യക്തിക്കായി തിരച്ചിൽ തുടരുകയാണ്. പതാക മാറ്റിയ ആൾ പിടിയിലായവരിൽ ഉണ്ടോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ശക്തമായ ഭരണമാറ്റ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. ഇതുവരെ 72-ലധികം പേർ ഇറാനിൽ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് ആളുകൾ തടവിലായതായും റിപ്പോർട്ടുകളുണ്ട്.
ഇറാനിലെ സ്ഥിതിഗതികൾ മോശമായതിനെത്തുടർന്ന് ലോകമെമ്പാടുമുള്ള ഇറാനിയൻ പ്രവാസികൾ വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ലണ്ടനിലെ സംഭവത്തിൽ എംബസി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
What's Your Reaction?