ഓണപ്പരീക്ഷയിൽ മിനിമം 30% മാർക്ക് വേണം, ഇല്ലാത്തവര്‍ക്ക് പ്രത്യേക പരിശീലനം
കഴിഞ്ഞവർഷം വർഷാന്ത്യ പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനവും പഠനപിന്തുണയും നൽകിയിരുന്നു

സർക്കാർ, എയിഡഡ് സ്കൂളുകളിൽ ആദ്യപാദ (ഓണപ്പരീക്ഷ) എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് വേണം. ഇതുപ്രകാരം, വിദ്യാർഥികൾ ഓരോ വിഷയത്തിനും മിനിമം മാർക്ക് നേടണം. കഴിഞ്ഞവർഷം വർഷാന്ത്യ പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനവും പഠനപിന്തുണയും നൽകിയിരുന്നു. ഇത്തവണ അത് ഓണപ്പരീക്ഷ മുതൽ നടപ്പാക്കും.
പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ് മുതൽ ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് എഴുത്ത് പരീക്ഷയിലെ മിനിമം മാർക്ക് സംവിധാനം നടപ്പാക്കുന്നത്. ഓരോ വിഷയത്തിനും എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 30 ശതമാനം മാർക്ക് വീതം നേടേണ്ടതുണ്ട്. ഇത്രയും മാർക്ക് നേടാത്ത കുട്ടികളുടെ കാര്യത്തിൽ പഠന പിന്തുണ നൽകണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
ഓണപ്പരീക്ഷയുടെ ഫലം, ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇതിൽ മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്ക് സെപ്തംബറിൽ തന്നെ പ്രത്യേക പരിശീലനം നൽകുന്നതിനായി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പഠന പിന്തുണ പരിപാടി സംഘടിപ്പിക്കണം. ഈ പദ്ധതി സ്കൂളുകളിൽ നടപ്പാക്കാൻ പി.ടി.എ.യുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടാകണം. എ.ഇ.ഒ. മുതലുള്ള വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഈ പ്രവർത്തനങ്ങൾ നിരീക്ഷണമെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവർഷം മുതൽ പത്താം ക്ലാസിലും മിനിമം മാർക്ക് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
What's Your Reaction?






