കർണാടകയിൽ അധികാര പോര് കനക്കുന്നു! മുഖ്യമന്ത്രി കസേരയിൽ സിദ്ധരാമയ്യ-ഡി.കെ ശിവകുമാർ ഏറ്റുമുട്ടൽ?
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ അധികാരവടംവലി വീണ്ടും ഡൽഹിയിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കോൺഗ്രസ് ഹൈക്കമാൻഡുമായി വെവ്വേറെ ചർച്ചകൾ നടത്തുകയാണ്. സർക്കാർ മൂന്ന് വർഷം പിന്നിടുന്ന സാഹചര്യത്തിൽ അധികാര കൈമാറ്റം സംബന്ധിച്ച നിർണായക തീരുമാനങ്ങളിലേക്കാണ് പാർട്ടി നീങ്ങുന്നതെന്നാണ് സൂചന.
രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഡി.കെ ശിവകുമാറിന് കൈമാറുമെന്ന ധാരണ മുൻപ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അഞ്ച് വർഷവും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന നിലപാടിലാണ് സിദ്ധരാമയ്യയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് നൽകുന്ന സമവായ നിർദേശവും പരിഗണനയിലുണ്ടെന്നാണ് സൂചന.
അതേസമയം, ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ സിദ്ധരാമയ്യ പക്ഷം നീങ്ങുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയരാമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അന്തിമ തീരുമാനം നിർണായകമാകും.
What's Your Reaction?



