സംസ്ഥാനത്ത് യുവി ഇന്‍ഡക്സ് 11 ന് മുകളില്‍ രണ്ട് ജില്ലകളില്‍; ഉയര്‍ന്ന തോതില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍, റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

കൊല്ലത്ത് കൊട്ടാരക്കരയിലും ഇടുക്കിയിൽ മൂന്നാറിലുമാണ് യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയത്.

Mar 20, 2025 - 12:05
Mar 20, 2025 - 12:06
 0  13
സംസ്ഥാനത്ത് യുവി ഇന്‍ഡക്സ് 11 ന് മുകളില്‍ രണ്ട് ജില്ലകളില്‍; ഉയര്‍ന്ന തോതില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍, റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം രേഖപ്പെടുത്തി. ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, കൊല്ലം ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. ഈ ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി. കൊല്ലത്ത് കൊട്ടാരക്കരയിലും ഇടുക്കിയിൽ മൂന്നാറിലുമാണ് യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചത്. യുവി ഇൻഡക് 8 മുതൽ 10 വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിലും ആലപ്പുഴയിലെ ചെങ്ങന്നൂരിലും യുവി ഇൻഡകസ് 10 ആണ്. കോട്ടയം ചങ്ങനാശ്ശേരിയിലും പാലക്കാട് തൃത്താലയിലും 9, മലപ്പുറം പൊന്നാനിയിൽ 8 എന്നിങ്ങനെ യുവി ഇൻഡക്സ് രേഖപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 6 മുതൽ 7 വരെ യുവി ഇൻഡക്സ് ഉള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുന്നത്. 

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ മൂന്നുമണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow