റബർ പോലുള്ള മുട്ട, കടുത്ത ദുർഗന്ധം; ബ്ലിങ്കിറ്റിന് പണി കൊടുത്ത് ഭക്ഷ്യസുരക്ഷാ അതോറിറ്റി; ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം!
ന്യൂഡൽഹി∙ ഗുണനിലവാരമില്ലാത്ത മുട്ട വിതരണം ചെയ്തെന്ന ഉപഭോക്തൃ പരാതികളെത്തുടർന്ന് പ്രമുഖ ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിന് (Blinkit) ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (FSSAI) കാരണം കാണിക്കൽ നോട്ടീസ്. സമൂഹമാധ്യമങ്ങളിലൂടെ ഉപഭോക്താക്കൾ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എഫ്എസ്എസ്എഐ സ്വമേധയാ കേസെടുക്കുകയായിരുന്നു. പരാതികളിൽ കമ്പനി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നാണ് കർശന നിർദ്ദേശം.
ബ്ലിങ്കിറ്റ് വഴി വാങ്ങിയ മുട്ടകൾക്ക് കടുത്ത ദുർഗന്ധമുണ്ടെന്നും അവയുടെ ഘടന റബർ പോലെയാണെന്നുമാണ് ഉപഭോക്താക്കൾ പ്രധാനമായും പരാതിപ്പെട്ടത്. സ്വന്തം പ്ലാറ്റ്‌ഫോം വഴി വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിന് ഇ-കൊമേഴ്‌സ് കമ്പനികൾക്ക് തന്നെയാണ് പൂർണ്ണ ഉത്തരവാദിത്തമെന്ന് എഫ്എസ്എസ്എഐ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലിങ്കിറ്റിനെതിരെയുള്ള ശക്തമായ നടപടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ കമ്പനിക്കെതിരെ വൻ പിഴയുൾപ്പെടെയുള്ള കർശന നിയമനടപടികൾ ഉണ്ടായേക്കും.
What's Your Reaction?

