പാരമ്പര്യം വിളിച്ചോതുന്ന ലുക്കിൽ 'വെസ്പ ഒഫീസിന 8'; സ്പെഷ്യൽ എഡിഷൻ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
125 സിസി, 150 സിസി പതിപ്പുകളിൽ ലഭ്യമാകുന്ന ഈ മോഡലിന് 1.34 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില വരുന്നത്
ന്യൂഡല്‍ഹി: ഇറ്റാലിയൻ ഇരുചക്ര വാഹന ബ്രാൻഡായ വെസ്പ തങ്ങളുടെ ഏറ്റവും പുതിയ സ്പെഷ്യൽ സീരീസ് മോഡലായ 'ഒഫീസിന 8' (Officina 8) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 125 സിസി, 150 സിസി പതിപ്പുകളിൽ ലഭ്യമാകുന്ന ഈ മോഡലിന് 1.34 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില വരുന്നത്.
ഇറ്റലിയിലെ പിയാജിയോയുടെ പോണ്ടെഡെറ പ്ലാന്റിലെ ചരിത്രപ്രസിദ്ധമായ വർക്ക്ഷോപ്പിന് ആദരമർപ്പിച്ചാണ് ഈ ലിമിറ്റഡ് എഡിഷൻ ഒരുക്കിയിരിക്കുന്നത്. ഈ മോഡലിനായി മാത്രം വികസിപ്പിച്ചെടുത്ത 'ബ്ലൂ ഒഫീസിന 8' എന്ന പ്രത്യേക മാറ്റ് മെറ്റാലിക് ഷേഡിലാണ് വാഹനം വരുന്നത്.
ബ്രാസ് (Brass), അലുമിനിയം ടോണുകളിലുള്ള മെറ്റാലിക് റിവറ്റുകളും ആക്സന്റുകളും സ്കൂട്ടറിന് പ്രീമിയം ലുക്ക് നൽകുന്നു. ഇതിനൊപ്പം മാച്ചിംഗ് ആയ ആക്സസറികളും വെസ്പ പുറത്തിറക്കിയിട്ടുണ്ട്. മെക്കാനിക്കലായി നിലവിലെ സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ് ഈ സ്പെഷ്യൽ എഡിഷനും.
125 സിസി എഞ്ചിൻ: 9.3 bhp കരുത്തും 10.1 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, 150 സിസി എഞ്ചിൻ: 11.4 bhp കരുത്തും 11.66 Nm ടോർക്കും നൽകുന്നു. രണ്ട് എഞ്ചിനുകളും സിവിടി (CVT) ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. സ്റ്റീൽ മോണോകോക്ക് ബോഡിയുമായി എത്തുന്ന വെസ്പ ഒഫീസിന 8, തനതായ ഇറ്റാലിയൻ സ്റ്റൈൽ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.
What's Your Reaction?



