വ്യായാമം അമിതമായാൽ ഹൃദയം തളരും; കഠിനമായ വർക്ക്ഔട്ടുകൾ ഹൃദയാരോഗ്യത്തിന് ഭീഷണി
എല്ലാ കാര്യത്തിലുമെന്നപോലെ വ്യായാമത്തിലും മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്
ആരോഗ്യസംരക്ഷത്തിന് വ്യായാമം അത്യന്താപേക്ഷിതമാണെങ്കിലും അമിതമായാൽ അത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ. ജിമ്മിലെ കഠിനമായ വർക്ക്ഔട്ടുകളും വിശ്രമമില്ലാത്ത വ്യായാമമുറകളും ഹൃദയത്തിന് അമിത സമ്മർദ്ദം നൽകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
എല്ലാ കാര്യത്തിലുമെന്നപോലെ വ്യായാമത്തിലും മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. ഓരോ വ്യക്തിയുടെയും ശാരീരിക ശേഷിക്ക് അനുസരിച്ചുള്ള വ്യായാമമുറകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ദിവസവും കുറഞ്ഞത് 30 മിനിറ്റ് മിതമായ എയറോബിക് വ്യായാമങ്ങൾ (നടത്തം, ലഘുവായ ഓട്ടം) ചെയ്താൽ മതിയാകുമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.
അമിത വ്യായാമത്തിന്റെ ദോഷങ്ങൾ:
ആഴ്ചയിൽ അഞ്ച് മണിക്കൂറിൽ കൂടുതൽ മിതമായ വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് പ്രത്യേക ഗുണങ്ങളൊന്നും നൽകുന്നില്ല. വർഷങ്ങളായി ദിവസവും 75 മിനിറ്റിലധികം കഠിനമായ വ്യായാമം ചെയ്യുന്നവരിൽ കൊറോണറി ധമനികളിൽ കാൽസ്യത്തിന്റെ അളവ് കൂടാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മാരത്തോൺ, ട്രയാത്ത്‌ലോൺ തുടങ്ങിയ തീവ്രതയേറിയ വ്യായാമങ്ങൾ ഹൃദയപേശികളിൽ സൂക്ഷ്മമായ പരിക്കുകൾ ഉണ്ടാക്കാൻ കാരണമായേക്കാം.
ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:
വ്യായാമത്തിന് ഒരു ആരോഗ്യകരമായ പരിധി കണ്ടെത്തുക. അമിതമായി വിയർക്കുന്നതോ ശ്വാസം മുട്ടുന്നതോ ആയ രീതിയിൽ ശരീരം കഷ്ടപ്പെടുന്നത് ഒഴിവാക്കുക.
വ്യായാമത്തിന് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലാകാൻ ആവശ്യമായ വിശ്രമം നൽകുക.
ജിമ്മിൽ കഠിനമായ വ്യായാമങ്ങൾ തുടങ്ങുന്നതിന് മുൻപ് ഒരു ഡോക്ടറുടെയോ ഫിറ്റ്നസ് ട്രെയിനറുടെയോ ഉപദേശം തേടുന്നത് നന്നായിരിക്കും.
What's Your Reaction?