ഐപിഎല്ലിൽ നാളെ വാംഖഡെയിൽ 'തല' ഇറങ്ങിയേക്കും; ധോനി കളിച്ചാൽ സഞ്ജുവിന് പുതിയ റോൾ
വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ധോനി വിക്കറ്റ് കീപ്പറായി തിരിച്ചെത്തുന്നതോടെ സഞ്ജു സാംസൺ ഫീൽഡറുടെ റോളിലേക്ക് മാറാനാണ് സാധ്യത
മുംബൈ: ഐപിഎല്ലിലെ ആവേശപ്പോരാട്ടമായ മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ സൂപ്പർ താരം എം.എസ് ധോനി കളത്തിലിറങ്ങിയേക്കും. പരിക്കിനെത്തുടർന്ന് സീസണിലെ ആദ്യ ആറ് മത്സരങ്ങൾ നഷ്ടമായ ധോനി പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ധോനി വിക്കറ്റ് കീപ്പറായി തിരിച്ചെത്തുന്നതോടെ സഞ്ജു സാംസൺ ഫീൽഡറുടെ റോളിലേക്ക് മാറാനാണ് സാധ്യത.
കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്സിൽ മാറ്റ് ഹെൻറി, ജാമി ഓവർട്ടൺ തുടങ്ങിയ വേഗമേറിയ ബൗളർമാരെ നേരിട്ട് ധോനി ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. ബാറ്റിംഗിന് പുറമെ വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിഞ്ഞും താരം പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. ഇത് താരം നാളെ കളിക്കുമെന്ന സൂചനകൾക്ക് ബലം നൽകുന്നു. ചെന്നൈ സൂപ്പർ കിങ്സ് നിലവിൽ നേരിടുന്ന ഫോമില്ലായ്മയ്ക്ക് ധോനിയുടെ മടങ്ങിവരവ് പരിഹാരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സീസണിൽ ധോനിയുടെ അഭാവത്തിൽ വിക്കറ്റ് കാത്ത സഞ്ജു സാംസൺ, ധോനി എത്തുന്നതോടെ ഗ്രൗണ്ടിൽ ഫീൽഡറായി തുടരേണ്ടി വരും. ധോനിയുടെ ക്യാപ്റ്റൻസി അനുഭവസമ്പത്തും ഫിനിഷിംഗ് മികവും മത്സരത്തിൽ ചെന്നൈക്ക് നിർണ്ണായകമാകും.
What's Your Reaction?