കപ്പല്‍ തീപ്പിടിത്തം; നിലവില്‍ ഭീഷണിയില്ല, ജനങ്ങള്‍ ജാഗ്രത പാലിക്കണം
ദുരന്തം എത്രത്തോളമുണ്ടെന്ന വിവരം രാവിലെയോടെയേ കൂടുതല്‍ വ്യക്തമാവൂവെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു

കണ്ണൂര്‍: കപ്പല്‍ തീപിടിച്ചത് കേരളത്തില്‍ എന്തെങ്കിലും ആഘാതമുണ്ടാക്കുമെന്ന വിവരങ്ങളൊന്നും കോസ്റ്റ് ഗാര്‍ഡില്‍നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍, അതോറിറ്റി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. കപ്പല്‍ നിലവില്‍ നമ്മുടെ തീരത്തിന് ഭീഷണിയല്ല. കേരളത്തിന്റെ തീരത്തുനിന്ന് 88 കിലോമീറ്റര്‍ ദൂരത്താണ് അപകടം. ഉപദ്രവകരമായ 157 കണ്ടെയ്നര്‍ ഉണ്ടെന്നാണ് വിവരം. ദുരന്തം എത്രത്തോളമുണ്ടെന്ന വിവരം രാവിലെയോടെയേ കൂടുതല്‍ വ്യക്തമാവൂവെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.
20 കണ്ടെയ്നറുകള്‍ കടലില്‍ വീണുവെന്നാണ് പ്രാഥമികവിവരം. കപ്പല്‍ ഉള്‍ക്കടലിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്. എന്തൊക്കയാണ് അവശേഷിക്കുന്ന കണ്ടെയ്നറുകളില്‍ ഉള്ളതെന്ന കൃത്യമായ വിവരം കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിവരശേഖരണമാണ് പ്രധാനം. അതിനുശേഷമാണ് അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നത്. കണ്ടെയ്നറിനോട് 200 മീറ്റര്‍ ദൂരം പാലിക്കണമെന്ന മുന്നറിയിപ്പാണ് അപ്പോള്‍ത്തന്നെ ഞങ്ങള്‍ നല്‍കിയത്. എവിടെ അടിയുമെന്നുള്ള മുന്നറിയിപ്പും നല്‍കിയിരുന്നു. തീരത്തടിയുന്ന വസ്തുക്കളുടെയടുത്തേക്കും കണ്ടെയ്നറുകളുടെ അടുത്തേക്കും ജനങ്ങള്‍ ഓടിക്കൂടുന്നത് സുരക്ഷിതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?






