താമരശ്ശേരി സംഘര്‍ഷം: ഡി.വൈ.എഫ്.ഐ. നേതാവിനെ ഒന്നാംപ്രതിയാക്കി കേസെടുത്തു

പോലീസുകാരെ ആക്രമിച്ചതിന് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്

Oct 22, 2025 - 12:00
Oct 22, 2025 - 12:00
 0
താമരശ്ശേരി സംഘര്‍ഷം: ഡി.വൈ.എഫ്.ഐ. നേതാവിനെ ഒന്നാംപ്രതിയാക്കി കേസെടുത്തു

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട്ടിലെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. താമരശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് മെഹറൂഫിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആകെ നാല് എഫ്.ഐ.ആറുകളാണ് പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പോലീസുകാരെ ആക്രമിച്ചതിന് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പോലീസിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, വഴി തടയൽ, കലാപശ്രമം തുടങ്ങിയ കുറ്റങ്ങൾക്ക് മുന്നൂറോളം പേർക്കെതിരെയും കേസുണ്ട്.

കട്ടിപ്പാറയിലെ അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന 'ഫ്രഷ്‌കട്ട്' കോഴിയറവ് മാലിന്യസംസ്‌കരണ പ്ലാന്റിന് നേരെ ജനകീയ സമരസമിതി നടത്തിയ റോഡ് ഉപരോധ സമരമാണ് കഴിഞ്ഞ ദിവസം അക്രമാസക്തമായത്. സംഘർഷത്തിൽ റൂറൽ എസ്.പി. കെ.ഇ. ബൈജു, പേരാമ്പ്ര ഡി.വൈ.എസ്.പി. എൻ. സുനിൽകുമാർ, താമരശ്ശേരി ഇൻസ്‌പെക്ടർ എ. സായൂജ് കുമാർ എന്നിവരടക്കം 22 പോലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.

കേസുകളിൽ ഉൾപ്പെട്ടവരെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനുള്ള നീക്കം പോലീസ് ഊർജിതമാക്കി. അതേസമയം, സമരത്തിലും സംഘർഷത്തിലും പങ്കെടുത്ത പലരും ഒളിവിൽ പോയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow