ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടന്നു, ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിനു കുറകെ തലവച്ചു, മേഘയുടെ മരണത്തില്‍ ദുരൂഹത
സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ പേട്ടയ്ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയെ (25) ഇന്നലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌പ്രസാണ് ഇടിച്ചത്. ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നെന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
ട്രെയിൻ തട്ടി ഫോൺ പൂർണമായി തകർന്നതിനാൽ സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. മെഡഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.
ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കിൽ ഇന്നലെ രാവിലെ 9.15നാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേട്ട പോലീസെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഓഫ് സിവിൽ ഏവിയേഷന്റെ ഐ.ഡി കാർഡ് കണ്ടത്തിയതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്.
What's Your Reaction?






