കോഴിക്കോട്: പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. 92 വയസായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് മരണം.
കേരളത്തിലെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.
ദേശീയമായും അന്തർദ്ദേശീയമായും അറിയപ്പെടുന്ന ചുരുക്കം ചില തെന്നിന്ത്യൻ ചരിത്രകാരന്മാരിൽ ഒരാളാണ് എം. ജി.എസ്. പുരാതന ഇന്ത്യൻ ചരിത്രത്തിലെ ഒരു സ്പെഷ്യലിസ്റ്റ് കൂടിയാണ് അദ്ദേഹം. കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, സ്കൂൾ ഓഫ് ഓറിയന്റൽ, ആഫ്രിക്കൻ സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ (1974 –75); വിസിറ്റിംഗ് ഫെലോ, മോസ്കോ, ലെനിൻഗ്രാഡ് സർവകലാശാലകൾ (1991); വിസിറ്റിംഗ് റിസർച്ച് പ്രൊഫസർ, ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസ്, ടോക്കിയോ (1994-95). ഫസ്റ്റ് മെംബർ സെക്രട്ടറിയായും (1990–92) ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാനായും (2001–03) സേവനമനുഷ്ഠിച്ചു.