വീണ ടിക്ക് ഇഡിയുടെ സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

Jun 9, 2026 - 10:15
Jun 9, 2026 - 10:16
 0
വീണ ടിക്ക് ഇഡിയുടെ സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. വെള്ളിയാഴ്ച രാവിലെ 10.30ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. വീണ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

ശശിധരന്‍ കര്‍ത്തയുടെ ഭാര്യ, മകന്‍ ശരണ്‍ എസ്. കര്‍ത്ത, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ എന്നിവർക്കും സമൻസ് അയച്ചിട്ടുണ്ട്. കേസില്‍ വീണയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.

വിദേശ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ബാങ്ക് രേഖകള്‍, ആദായനികുതി രേഖകള്‍, സ്വത്ത് വിവരങ്ങള്‍ എന്നിവ ഹാജരാക്കണമെന്നും സിഎംആര്‍എല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളില്‍ വിശദീകരണം നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ശേഖരിച്ച തെളിവുകള്‍ പരിശോധിച്ച യോഗം അന്വേഷണം കൂടുതല്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ തെളിവുകളും സമഗ്രമായി ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ, കേസിലെ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാന്‍ നിയമപരമായ തടസമില്ലെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് അന്വേഷണ നടപടികള്‍ കൂടുതല്‍ സജീവമായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow