കാന്‍സര്‍ സര്‍ജന്മാരുടെ ആഗോള ഉച്ചകോടിക്ക് തുടക്കമായി

രാജ്യത്ത് എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് വിദഗ്ദ്ധര്‍

May 10, 2025 - 21:18
May 10, 2025 - 21:18
 0
കാന്‍സര്‍ സര്‍ജന്മാരുടെ ആഗോള ഉച്ചകോടിക്ക് തുടക്കമായി
തിരുവനന്തപുരം:  രാജ്യത്ത് എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് വിദഗ്ദ്ധര്‍. സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോവളത്ത് ആരംഭിച്ച കാന്‍സര്‍ സര്‍ജന്മാരുടെ ദ്വദിന ആഗോള ഉച്ചകോടിയിലാണ് വിദഗ്ദ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഉദരാശയ കാന്‍സറിന് ശസ്ത്രക്രിയയാണ് ഏറ്റവും ഉചിതമായ പരിഹാരമെന്നും രോഗം നേരത്തെ തിരിച്ചറിയേണ്ടത് അനിവാര്യമാണെന്നും ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ശൈലേഷ് വി ശ്രീകണ്‌ഠേ പറഞ്ഞു. ദിനംപ്രതി കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  ശസ്ത്രക്രിയയില്‍ നൈപുണ്യമുളള സ്‌പെഷ്യലിസ്റ്റുകളെ സജ്ജമാക്കുവാന്‍ ഇത്തരത്തിലുള്ള ആഗോള ഉച്ചകോടി സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 
കാന്‍സര്‍ പരിചരണ മേഖലയലെ സങ്കീര്‍ണതകളെ മറികടക്കുവാന്‍ സഹകരിച്ചുകൊണ്ടുള്ള പഠനം അനിവാര്യമായ കാലത്ത് കാന്‍സര്‍ സര്‍ജറി വിദഗ്ദ്ധരുടെ ആഗോള സംഗമത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഉച്ചകോടിയുടെ ഓര്‍ഗനൈനിങ് സെക്രട്ടറിയും സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഡോ. ബൈജു സേനാധിപന്‍ പറഞ്ഞു. ഇത്തരത്തിലുള്ള സംഗമത്തിലൂടെയാണ് ഗുണമേന്മയേറിയ രോഗീപരിചരണത്തിനുള്ള വഴികള്‍ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓങ്കോളജി സര്‍ജറിയിലെ വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണ് ജിഐ കാന്‍സറെന്നും ഇത്തരം ശാസ്ത്രീയ സംഗമങ്ങള്‍  സമീപനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്നും ഗുരുഗ്രാം മെഡാന്റ മെഡ്‌സിറ്റിയിലെ ജിഐ കാന്‍സര്‍ വിഭാഗം  ചെയര്‍മാന്‍ ഡോ. ആദര്‍ശ് ചൗധരി അഭിപ്രായപ്പെട്ടു.
 
രാജ്യത്തിനകത്തും പുറത്തും നിന്നുമായി നാനൂറിലധികം ജിഐ ആന്‍ഡ് എച്ചപിബി കാന്‍സര്‍ സര്‍ജന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രീഹാബിലിറ്റേഷന്‍, ഉദരാശയ കാന്‍സറുകളിലെ സങ്കീര്‍ണത കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ക്കാണ് സമ്മിറ്റ് വേദിയായത്. വൈകുന്നേരം നടന്ന ചടങ്ങിൽ ഡോ.കെ.പി ഹരിദാസ്, ഡോ. ആനന്ദ കുമാർ, ഡോ.ശുഭലാൽ എൻ എന്നിവർ ചേർന്ന് സമ്മിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. 
 
ആദ്യ ദിനം രാവിലെ മുതല്‍ നടന്ന വിവിധ സെഷനുകള്‍ ശസ്ത്രക്രിയാ വിദഗ്ദ്ധരായ വെല്ലൂര്‍ സിഎംസിയിലെ ഡോ. ഇനിയന്‍ സമരസം, തിരുവനന്തപുരം ആര്‍സിസിയിലെ ഡോ. മധുമുരളി, ഡോ. ജി.വി റാവു, ഡോ. പ്രശാന്ത് പെനുമാട്( എസ്.വി.ഐ.സി.സി,തിരുപ്പതി), പ്രൊഫ. അബ്ദുള്‍ ലത്തീഫ്, പ്രൊഫ.ജോണ്‍ എസ് കുര്യാന്‍, ഡോ. പട്ട രാധാകൃഷ്ണന്‍, ജപ്പാനിലെ ഓയിറ്റ യൂണിവേഴ്‌സിറ്റി പ്രൊഫ. സുയോഷി എറ്റോ, ഇറ്റലിയിലെ ഹ്യുമാനിറ്റാസ് യൂണിവേഴ്‌സിറ്റി പ്രൊഫ. ഗൊയ്‌ഡോ ടോര്‍സിലി എന്നിവര്‍ പങ്കെടുത്തു. സമ്മിറ്റിന്റെ രണ്ടാംദിനമായ ഇന്ന് ലാപ്പറോസ്‌കോപ്പി സര്‍ജറിയില്‍ മികവ് പുലര്‍ത്തുന്ന വിദഗ്ദ്ധര്‍ക്ക് സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ നല്‍കി വരുന്ന ഏകലവ്യ പുരസ്‌കാരം വിതരണം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow