'എന്നെ ഇനി ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കേണ്ട'; ഔദ്യോഗിക പ്രസ്താവനയുമായി നയന്‍താര
ഇത്രയും വിലപ്പെട്ട ഒരു പദവി നൽകി എന്നെ കിരീടമണിയിച്ചതിന് ഞാൻ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, നിങ്ങളെല്ലാവരും എന്നെ നയൻതാര എന്ന് വിളിക്കണമെന്ന് ഞാൻ താഴ്മയോടെ അഭ്യർഥിക്കുന്നു.

ഇനി മുതൽ തന്നെ ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന് വിശേഷിപ്പിക്കരുതെന്ന് നയൻതാര. നയന്‍താര എന്ന പേരാണ് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നെന്നും താരം പറഞ്ഞു. സ്ഥാനപ്പേരുകളും അംഗീകാരങ്ങളും പ്രാധാന്യമർഹിക്കുന്നുണ്ടെങ്കിലും, അവ ചിലപ്പോൾ ഒരു കലാകാരനും അവരുടെ കലാപ്രവർത്തനത്തിനും ഇടയിൽ ഒരു വേർതിരിവ് സൃഷ്ടിക്കുമെന്ന് നയൻതാര പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് നയന്‍താര ഇക്കാര്യം പങ്കുവെച്ചത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം
‘‘നിങ്ങളിൽ പലരും എന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് സ്നേഹപൂർവം വിളിച്ചിട്ടുണ്ട്, നിങ്ങളുടെ അതിരറ്റ സ്നേഹത്തിൽ നിന്ന് ജനിച്ച ഒരു പദവിയാണത്. ഇത്രയും വിലപ്പെട്ട ഒരു പദവി നൽകി എന്നെ കിരീടമണിയിച്ചതിന് ഞാൻ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, നിങ്ങളെല്ലാവരും എന്നെ നയൻതാര എന്ന് വിളിക്കണമെന്ന് ഞാൻ താഴ്മയോടെ അഭ്യർഥിക്കുന്നു. കാരണം, ആ പേര് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നാണെന്ന് എനിക്ക് തോന്നുന്നു. ഒരു നടി എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും ഞാൻ ആരാണെന്ന് അത് പ്രതിനിധീകരിക്കുന്നു. സ്ഥാനപ്പേരുകളും അംഗീകാരങ്ങളും വിലമതിക്കാനാവാത്തതാണ്, പക്ഷേ അവ ചിലപ്പോൾ നമ്മുടെ ജോലിയിൽ നിന്നും, നമ്മുടെ കലാപ്രകടനത്തിൽ നിന്നും, പ്രേക്ഷകരുമായി നമ്മൾ പങ്കിടുന്ന നിരുപാധികമായ ബന്ധത്തിൽ നിന്നും നമ്മെ വേർതിരിക്കുന്ന ഒരു ഇമേജ് സൃഷ്ടിച്ചേക്കും. എല്ലാ പരിധികൾക്കും അപ്പുറം നമ്മെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ ഭാഷ നാമെല്ലാവരും പങ്കിടുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവി നമുക്കെല്ലാവർക്കും പ്രവചനാതീതമായിരിക്കാം, നിങ്ങളുടെ മങ്ങാത്ത പിന്തുണ സ്ഥിരമായി നിലനിൽക്കുമെന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു, നിങ്ങളെ രസിപ്പിക്കാനുള്ള എന്റെ കഠിനാധ്വാനവും അങ്ങനെ തന്നെയായിരിക്കും. സിനിമയാണ് നമ്മളെ ഒന്നിപ്പിക്കുന്നത്, നമുക്ക് അത് ഒരുമിച്ച് ആഘോഷിക്കാം.’’ നയൻതാരയുടെ വാക്കുകൾ.
What's Your Reaction?






