കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ മുഖ്യപ്രതി പിടിയിൽ. കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജാണ് പോലീസിന്റെ പിടിയിലായത്.
അനുരാജാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് അനുരാജിന്റെ പേര് പുറത്തുവന്നത്. ഹോസ്റ്റലിൽ റെയ്‌ഡ് നടക്കുന്ന സമയം അനുരാജ് അവിടെ ഇല്ലായിരുന്നു.
ഇയാളുടെ അക്കൗണ്ടില്‍ നിന്നാണ് ലഹരി വാങ്ങാനുള്ള പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നത്. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസ് പരിശോധിക്കും. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി നല്‍കിയ പണം ഇയാളുടെ അക്കൗണ്ടിലാണ് സമാഹരിച്ചത്.
സുഹൈല്‍ എന്ന് പേരുള്ള ഇതര സംസ്ഥാനക്കാരനില്‍ നിന്നാണ് ലഹരി വാങ്ങിയതെന്നും ആഷിഖും ശാലിഖും മൊഴി നല്‍കിയിരുന്നു. അനുരാജ് നാലു കിലോ കഞ്ചാവ് വാങ്ങുകയും അതിൽ രണ്ടുകിലോ കളമശേരി പോളി ടെക്നിക് ഹോസ്റ്റലിൽ എത്തിച്ചെന്നുമാണ് മൊഴിയിൽ പറയുന്നത്. ഹോസ്റ്റലിൽ നിന്ന് രണ്ടു കിലോ കഞ്ചാവാണ് പിടികൂടിയത്. ബാക്കി കഞ്ചാവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.