പ്രൊഫ. എം.കെ. സാനുവിന് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ഇന്ന് വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്‌കാരം നടന്നു

കൊച്ചി: അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനുവിന് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ത്തമാനകാല കേരളസമൂഹത്തേയും കേരള ചരിത്രത്തേയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'കേരള സമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മാനവികതയിലൂന്നിയ സമഭാവ ദര്‍ശനം എന്തെന്നു പഠിക്കാനുതകുന്ന പാഠപുസ്തകം കൂടിയായിരുന്നു ആ ജീവിതം', അദ്ദേഹം അനുശോചനകുറിപ്പില്‍ പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്‌കാരം നടന്നു. കഴിഞ്ഞ ദിവസം അഞ്ചരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം.കെ. സാനുവിന്‍റെ അന്ത്യം. ഒരാഴ്ചയായി ന്യുമോണിയ ബാധിച്ച് ഇവിടെ ചികിത്സയിലായിരുന്നു. 98 വയസായിരുന്നു.
What's Your Reaction?






