വയനാട് പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന്‌ ഹൈക്കോടതി

17 കോടി രൂപ അധികമായി സർക്കാർ കെട്ടിവെയ്ക്കണം

Apr 11, 2025 - 19:19
 0  10
വയനാട് പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന്‌ ഹൈക്കോടതി

കൊച്ചി: വയനാട് ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗൺഷിപ് നിർമിക്കാൻ 
എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. അതിനായി 17 കോടി രൂപ കൂടി അധികമായി സർക്കാർ കെട്ടി വെച്ചാൽ മതി. 549 കോടി നഷ്ടപരിഹാരം വേണമെന്ന എൽസ്റ്റൺ എസ്റ്റേറ്റിന്റെ ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു. പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ഉദ്യോഗസ്ഥർ എസ്റ്റേറ്റ് ഭൂമി പരിശോധിക്കാതെയാണ് വില നിശ്ചയിച്ചതെന്ന് എൽസ്റ്റൺ കോടതിയിൽ ഉന്നയിച്ചിരുന്നു. ഹൈക്കോടതി രജിസ്ട്രാർ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി ഈ തുക എസ്റ്റേറ്റ് ഉടമകൾക്ക് പിൻവലിക്കാമെന്നും ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എൽസ്റ്റൺ എസ്റ്റേറ്റിന്റെ 78.73 ഹെക്ടർ ഭൂമി 26.5 കോടി രൂപയ്ക്കാണ് സർക്കാർ ഏറ്റെടുത്തതെന്നും ഇതു തീരെ കുറവാണെന്നും 549 കോടി മൂല്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ സമീപകാലത്തു നടന്ന 10 ഭൂമി ഇടപാടുകളുടെ രേഖകൾ പരിശോധിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും കോടതി ആവശ്യപ്പെട്ടാൽ ന്യായ വില കണക്കാക്കി നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ന്യായവില കണക്കാക്കുന്നതിൽ ചെറിയ മാറ്റമുണ്ടെന്നും ഇതു പ്രകാരം എസ്റ്റേറ്റ് ഉടമകൾക്ക് 16 കോടി രൂപ കൂടി ഉൾപ്പെടുത്തി 42 കോടി രൂപ നൽകാൻ കഴിയുമെന്നും സർക്കാർ അറിയിച്ചിരുന്നു.

തുടർന്നാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും 17 കോടി രൂപ കൂടി ഉൾപ്പെടുത്താൻ നിര്‍ദേശം നൽകിയതും. 26.5 കോടി രൂപ ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവച്ച് ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്ത് ടൗൺഷിപ്പിന്റെ നിർമാണോദ്ഘാടനം നേരത്തെ നടത്തിയിരുന്നു. എന്നാൽ കേസ് കോടതിയിലായതിനാൽ തുടർനിർമാണ പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. അതിനാണ് വിധിയോടെ മാറ്റം വരുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow