വഖഫിന് പിന്നാലെ ഗുരുദ്വാര ആക്ടിലും ഭേദഗതി? സിഖ് ജനതയും ആശങ്കയില്‍

ന്യൂഡല്‍ഹി: മുസ്ലിങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നതിനുള്ള വിവാദ വഖഫ് ഭേദഗതി നിയമം പാസായതില്‍ ആശങ്ക പ്രകടിപ്പിച്ച് സിഖ് സമുദായം. വഖഫ് ഭേദഗതിക്ക് പിന്നാലെ 1925ലെ ഗുരുദ്വാര ആക്ടില്‍ ഭേദഗതി വരുത്തുമോ എന്ന ആശങ്കയിലാണ് സിഖ് സംഘടനകളും നേതാക്കളും.
മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം, ഏകീകൃത സിവില്‍കോഡ് എന്നിവയ്ക്ക് പിന്നാലെയാണ് മോഡി സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ വഖഫ് നിയമം പാസാക്കിയത്. ഇത് ഭാവിയില്‍ തങ്ങളെയും പ്രതികൂലമായി ബാധിക്കുമോ എന്ന ഭയമാണ് ശിരോമണി അകാലിദള്‍ (എസ്എഡി) ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കുള്ളത്.
വഖഫ് ബില്ലിനെ എതിര്‍ത്ത് രംഗത്തുവന്ന എസ്എഡി നേതാവ് ഹര്‍സിമ്രത് കൗര്‍, കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് രാജ എന്നിവര്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചു. വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ എസ്എഡി എംപി ഹര്‍സിമ്രത് കൗര്‍, ഭരണഘടന ആര്‍ട്ടിക്കിള്‍ 25 (ബി) അനുസരിച്ച് സിഖുകാര്‍ക്ക് പ്രത്യേക സവിശേഷ വ്യക്തിത്വം ഉണ്ടെന്നും തങ്ങള്‍ ഹിന്ദുക്കളല്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് മതനേതാക്കളിലും സിഖ് സംഘടനകളിലും ഗുരുദ്വാര ആക്ടില്‍ മോഡി സര്‍ക്കാര്‍ മാറ്റം വരുത്തുമോ എന്ന ഭയം ഉടലെടുത്തത്.
സിഖുകാരുടെ പരമോന്നത മതാധികാരം കയ്യാളുന്ന അകാല്‍ തക്ത്, ഉപരിസഭയായ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) അടക്കമുള്ള സംഘടനകളും വഖഫ് ഭേദഗതി നിയമത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിരുന്നു.
2020ല്‍ മോഡി സര്‍ക്കാര്‍ വിവാദ പൗരത്വഭേദഗതി നിയമം കൊണ്ടു വന്നതുമുതല്‍ മുസ്ലിങ്ങളും സിഖുകാരും അപ്രീതി പരസ്യമാക്കിയിരുന്നു. മോഡി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ പഞ്ചാബിലെ സിഖ്-ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ യോജിച്ച പോരാട്ടമാണ് നടത്തിയത്.
കര്‍ഷക സമരത്തില്‍ അണിനിരന്ന പ്രക്ഷോഭകര്‍ക്കായി മലാര്‍കേട്ലയിലെ മുസ്ലിം സമുദായം സൗജന്യ ഭക്ഷണം വിതരണം ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈമാസം നാലിന് ജമാഅത്ത് ഉലമ ഹിന്ദിന്റെ ഭാരവാഹികളും സിഖ് സമുദായ നേതാക്കളും സംയുക്ത യോഗം വിളിച്ച് ന്യൂനപക്ഷാവകാശം സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
സിഖ് സമുദായത്തിന്റെ ഭരണകാര്യം കൈകാര്യം ചെയ്യുന്ന ഗുരുദ്വാര ആക്ടില്‍ മോഡി സര്‍ക്കാര്‍ കൈവച്ചാല്‍ ശക്തമായ പോരാട്ടം നടത്തുമെന്നും ജീവന്‍ വരെ ഹോമിക്കുമെന്നും ഹര്‍സിമ്രത് കൗര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് സിഖുകാരുടെ ആകെ വികാരപ്രകടനമായി വിലയിരുത്തണം. വിവാദ വഖഫ് നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും കൂടുതല്‍ മുസ്ലിം സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചതോടെ നിയമം പിന്‍വലിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഭരണകൂടം.
What's Your Reaction?






